Thursday, January 24, 2013

ഒരു ബ്ളോഗ്‌ കവിയുടെ പ്രാർത്ഥന..



ഡിഗ്രിയെത്തിപ്പിടിക്കാൻ തരപ്പെടാ-
ഞ്ഞുഗ്രശാസനൻ തന്തേടെ പോക്കറ്റ്‌
നിർദ്ദയം കാലിയാക്കി,ച്ചലച്ചിത്ര-
മെപ്പൊഴുംകണ്ടു,തെണ്ടിത്തിരിഞ്ഞ ഞാൻ,
ഗൾഫിലെത്തു,ന്നളിയന്റെ ഹെല്പിനാൽ
ഗൾഫെയറതിൽ ജോലിയും ലഭ്യമായ്‌.

ഒട്ടുമേസമയം,കളയാതെയാ
ചുട്ടുപുള്ളുന്ന നാടിന്റെ രീതികൾ
ചിട്ടയോടെ പഠിച്ച ഞാ,നല്ഭുത-
പ്പെട്ടുപോയെന്റെ ശമ്പളം പറ്റവേ.

ഏതുജോലിക്കും ലഭ്യമാം കൂലിയെ
രൂപയാക്കിനാ,മെണ്ണിനോക്കുന്നേരം
ജാലവിദ്യയി,ലെന്നപോലെത്രയോ-
മേലെയായതിൻ മൂല്യം കുതിക്കുന്നു.

പണ്ടു പെന്തക്കോസ്‌ കൂട്ടരു പാടിയ
എന്തതിശയമേ,യെന്ന പാട്ടുമായ്‌
രണ്ടു ഡ്രാഫ്റ്റുകൾ ഗ്രാമീണ ബാങ്കിന്റെ
എന്റെ നാട്ടിലെ ശാഖയ്ക്കയക്കുന്നു.

നല്ല കാര്യങ്ങൾ പിന്നെയും വന്നുപോയ്‌
നല്ല കൂട്ടുകാർ,കമ്പ്യുട്ടർ,ഇന്റെർനെറ്റ്‌,
മെല്ലെ ഞാനൊരു ബ്ളോഗും തുടങ്ങുന്നു
എന്തതിശയം അപ്പൊഴും പാടുന്നു.

എന്റെ `കുന്ത്രാണ്ട `മെന്നബ്ളോഗിന്റെ പേ-
രൊന്നു നോക്കുന്നൊ,രായിരം പേർക്കുമായ്‌
രണ്ടുനല്ലവാക്കിൻ കമന്റോതുവാൻ
സന്തതം പോസ്റ്റുചെയ്തു ഞാൻ കാവ്യങ്ങൾ...

പേടിവേണ്ട,നൽ കാവ്യപ്രപഞ്ചത്തി-
നേഴയലത്തു,മെന്റെപേർ കാണ്മീല.
കാവ്യകൈരളീദേവിതൻ പൂജയ്ക്കു-
പൂവുമായ്ച്ചെന്ന,താരെന്നറിവീല.
കണ്ണടക്കാവ്യ,മൊന്നിനാൽ ക്കൈരളി-
യ്ക്കിന്നുകാഴ്ച്ച കൊടുത്തൊരാൾ സ്നേഹിതൻ,
പിന്നെ ഞാനറി യുന്നകവികളോ,
എന്നെ ഞാനാക്കിത്തീർത്ത കപികളും.

`എന്തുസൗന്ദര്യമാശാന്റെ സീതയാൾ`-
ക്കെന്റെമുന്നിൽ കവി മൊഴിഞ്ഞീടവേ,
`എന്റെമാഷേ ശരിതന്നെ പെണ്ണിന്റെ-
തന്തയാളൊരു കേമനാണോർക്കണം`
എന്നുചൊന്നതിൻ ജാള്യം മറയ്ക്കുവാ-
നിന്നുമാവാതെ ഞാൻ പരുങ്ങീടുന്നു.

വാക്കുകൾതമ്മി,ലർത്ഥമെഴാത്തതാം
ദീർഘവാചകം കോർത്തു ഞാൻ തീർ ക്കുന്ന
മ്ളേച്ഛ മാതൃക പോസ്റ്റു ചെയ്താലുടൻ
ആർത്തലച്ചുവ,ന്നെത്തും കമന്റുകൾ.

നിൻപുറം ഞാൻ ചൊറിയും കമന്റിനാൽ
എൻ പുറം നീ ചൊറിയേണ,മക്ഷണം....
ഇമ്പമാർന്നൊരീ,യാപ്തവാക്യത്തിനാൽ
തുമ്പമേശാതെ മേയുന്നു ബ്ളോഗർമാർ.

ശുദ്ധസാങ്കേതികത്തിൻ ബലത്തിനാൽ
സർഗ്ഗ സൃഷ്ടിക്കൊരുങ്ങുന്ന മൂഢരെ-
വ്യർത്ഥമായ്‌ പുകഴ്ത്തീടും നിരൂപകർ,
കത്തി വയ്ക്കുന്നു കാവ്യക്കഴുത്തിലായ്‌....

ജാലകക്കോള,മെഴുതും കുമാരന്റെ
യാന്ത്രിക കാവ്യ,പ്രേമ പ്രതീക്ഷകൾ
ബ്ളോഗെഴുത്തുകാർ മാനിഫെസ്റ്റോയാക്കി
ലോകമൊക്കെയും മെയ്‌ലയച്ചീടുന്നു.

മാബലിക്കുള്ള പൂക്കളം തീർ ക്കുവാൻ
ശ്രാവണം തേരിലെത്തുന്ന നാൾകളിൽ
ഓടിയെത്തുമാ,റുണ്ടു ഞാൻ നാട്ടിലേ-
യ്ക്കേറെ ക്ളബ്ബുകൾ ക്കാശംസ നേരുവാൻ.

നാളെ ഞാൻ പറന്നെത്തുന്നു കൊച്ചിയിൽ
ബ്ളോഗ്‌ മീറ്റുണ്ട്‌ തുഞ്ചൻ പറമ്പിലായ്‌,
നാലുമിന്നിറ്റ്‌ കൊണ്ടു ഞാൻ തീർത്തതാം
കാവ്യമുള്ളോരു പുസ്തകം നാളത്തെ-
ബ്ളോഗ്‌ മീറ്റിൽ പ്രസാധനം ചെയ്യുവാൻ
രാജനുണ്ണിയു,മെത്തുന്നതിഥിയായ്‌...

എന്റെ ദൈവമേ നീയെത്ര കേമനാ-
ണെൻ കരം തീർത്ത ബ്ളോഗെത്ര കാമ്യവും..
ബ്ളോഗ്‌ മൂലം മഹാകവിയായ ഞാ-
നാളു വേറൊരു കേമനായ്‌ തീർന്നിതാ...

എങ്കിലും ചില നേരമെൻ നെഞ്ചിലേ-
യ്ക്കമ്പുപോൽ കുറ്റബോധം തറയ്ക്കയാൽ,
അന്തമില്ലാത്തൊരെൻ കാവ്യ പാപങ്ങൾ
തമ്പുരാൻ നീ പൊറുത്തു കൊള്ളേണമേ...

തെല്ലുപോലും പ്രതിഭയില്ലാത്ത ഞാ-
നല്ലലില്ലാതെ,യൊപ്പിച്ചുവെക്കുമീ-
തല്ലുകൊള്ളിത്തരത്തിൽ ക്ഷമിച്ചു നീ
നല്ല പാതയി,ലെന്നെത്തെളിക്കണേ......

              ----)---

ടി  യൂ  അശോകൻ
------------------------------
RE-POSTING
--------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author
--------------------------------------------------------------------------------